വയനാടിനെ വീണ്ടെടുക്കാൻ സർക്കാരിനൊപ്പം സമീക്ഷയും; ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ കൈമാറി

വയനാടിനെ വീണ്ടെടുക്കാൻ സർക്കാരിനൊപ്പം സമീക്ഷയും; ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ കൈമാറി

യുകെയിലെ ഇടത് സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നല്‍കി. സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി, സമീക്ഷ ബെർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറി രതീഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പണം കൈമാറിയത്. ഉരുള്‍പൊട്ടലില്‍ സർവ്വതും നശിച്ച വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി സമീക്ഷയുടെ ആദ്യഘട്ട സഹായമാണിത്. യൂണിറ്റ് തലത്തില്‍ നടത്തിയ ധനശേഖരണത്തില്‍ നിന്നാണ് തുക സമാഹരിച്ചത്. പണം കണ്ടെത്താൻ സമീക്ഷയുടെ പ്രവർത്തകർ രണ്ടാഴ്ചയോളം രാപകലില്ലാതെ പരിശ്രമിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ച് നല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ധനശേഖണം പുരോഗമിക്കുകയാണ്. അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ സമീക്ഷ സംഘടിപ്പിക്കുന്ന വടംവലി മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്നേഹഭവനത്തിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കും. ജന്മനാട് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം സമീക്ഷയുടെ കരുതല്‍ ഉണ്ടായിട്ടുണ്ട്. പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം ഞങ്ങളാല്‍ കഴിയുംവിധം സഹായിച്ചു. ഇതിന് പുറമെ നാട്ടിലെ നിരാലംബരായ ചില വ്യക്തികള്‍ക്കും സമീക്ഷ സഹായമെത്തിച്ചിട്ടുണ്ട്. ജനിച്ച നാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ യുകെ ഇതിനെ കാണുന്നതെന്ന് നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ പറഞ്ഞു.

നാഷണല്‍ സെക്രട്ടേറിയറ്റ്

സമീക്ഷ യുകെ

Add a Comment