
സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന്
കലാപൂരത്തിന് നോർത്തേൺ അയർലണ്ട് ഒരുങ്ങി; സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന്
കലയുടെ കേളികൊട്ടുയർന്നു, ഇനി ലാസ്യ നടന ഭാവങ്ങളുടെ മേളനം. സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന് നടക്കും. സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയ കമ്മിറ്റിക്ക് കീഴിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള മത്സരാർത്ഥികള്‍ക്ക് പങ്കെടുക്കാം. ജീവിതം കരുപ്പിടിപ്പിക്കാൻ നാടുവിട്ടതോടെ കൈമോശം വന്ന സർഗശേഷി തിരിച്ചുപിടിക്കാൻ അവസരം ഒരുക്കുകയാണ് സമീക്ഷ. ശാസ്ത്രീയ നൃത്ത വിഭാഗത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി മത്സരങ്ങള്‍ അരങ്ങേറും. നാടോടി നൃത്തയിനങ്ങളില്‍ ഗ്രൂപ്പ്, സോളോ മത്സരങ്ങളുണ്ടാകും. നോർത്തൺ അയർലണ്ടില്‍ ആദ്യമായി ചെണ്ടമേളവും മത്സരയിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോളോ, ഗ്രൂപ്പ് വിഭാഗങ്ങളില്‍ മത്സരാർത്ഥികള്‍ക്ക് പങ്കെടുക്കാം. അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെയാണ് സമയപരിധി. ലളിതഗാനം, ശാസ്ത്രീയ സംഗീതം (ഹിന്ദുസ്ഥാനി, കർണാട്ടിക്), ഉപകരണസംഗീതം (സ്ട്രിംഗ്, വിൻഡ്, പെർക്യൂഷൻ) എന്നിവയിലും മത്സരിക്കാം. പ്രസംഗം, ലേഖനം, കവിതാരചന, ചെറുകഥ, സിനിമ റിവ്യൂ, പെൻസില്‍ ഡ്രോയിംഗ്, പെയിന്‍റിംഗ്, ഫോട്ടോഗ്രാഫി, കൊളാഷ്/പോസ്റ്റർ ഡിസൈനിംഗ് തുടങ്ങിയ ഇനങ്ങളിലും പങ്കെടുക്കാം. വ്യക്തികത ഇനങ്ങളില്‍ കൂടുതല്‍ പോയിന്‍റ് നേടുന്നവരില്‍ നിന്ന് കലാതിലകത്തെയും കലാപ്രതിഭയെയും ബാലതാരത്തെയും തിരഞ്ഞെടുക്കും. കിഡ്സ് (5-8), ജൂനിയർ (9-12), സീനിയർ (13-17), 18+ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍.
കലാ-സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം കോഫി ഫെസ്റ്റിവലും കുട്ടികള്‍ക്കായി വണ്ടർവില്ലയും സംഘടിപ്പിക്കുന്നുണ്ട്. നാഷണല്‍ റാക്കറ്റ് ക്ലബില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് കോഫി ഫെസ്റ്റിവല്‍. വിവിധ തരം കോഫികള്‍ക്കൊപ്പം ഇന്ത്യൻ പലഹാരങ്ങളും രുചിക്കാം. അഞ്ച് പൌണ്ടാണ് പ്രവേശന ഫീസ്. പ്രീമിയം എക്സ്പീരിയൻസിന് 15 പൌണ്ട് നല്‍കണം. കോഫി ടിക്കറ്റിനൊപ്പം വണ്ടർ വില്ലയിലേക്ക് പ്രവേശനം സൌജന്യമാണ്. എട്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കളിച്ച് രസിക്കാനായി മിനി പാർക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബൈജു നാരായണനാണ് ചെയർപേഴ്സൺ. ജോബി പി കെയെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണൻ ജനറല്‍ കൺവീനറും രഞ്ജു രാജു ജോയിൻ കൺവീനറുമാണ്. ജെ പി സുകുമാരൻ, അശ്വിത അലൻ, ശ്രീഹരി പ്രകാശ്, ബിജിനി ജെ പി, ജോസ്സി, ടോബി തോമസ്, വൈശാഖ് മോഹൻ എന്നിവർ വിവിധ വിഭാഗങ്ങളുടെ ചുമതല വഹിക്കും.