![തൊഴിൽ വാഗ്ദാനം നൽകി ഏജൻസികളാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശിനിയെ സഹായിക്കാനുള്ള സമീക്ഷയുടെ പരിശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നു.](https://www.sameekshauk.org/wp-content/uploads/2023/07/smk-13.jpg)
തൊഴിൽ വാഗ്ദാനം നൽകി ഏജൻസികളാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശിനിയെ സഹായിക്കാനുള്ള സമീക്ഷയുടെ പരിശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നു.
സമീക്ഷയുടെ പരിശ്രമങ്ങൾ ഫലം കാണുന്നു.
തൊഴിൽ വാഗ്ദാനം നൽകി ഏജൻസികളാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശിനിയെ സഹായിക്കാനുള്ള സമീക്ഷയുടെ പരിശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നു.
18.5 ലക്ഷം രൂപ നൽകി സീനിയർ കെയർ വിസയിൽ മാസങ്ങൾക്ക് മുമ്പ് യു.കെ.യിലെത്തിയതായിരുന്നു കൊല്ലം സ്വദേശിനിയായ പെൺകുട്ടി. എന്നാൽ ഭാഷയറിയില്ലെന്ന കാരണം പറഞ്ഞ് ഏജന്റ് പെൺകുട്ടിയെ നാട്ടിലേക്ക് തിരച്ചയക്കാൻ എയർപോർട്ടിലെത്തിക്കുന്നതോടെയാണ് പ്രശ്നം ചർച്ചാ വിഷയമാകുന്നത്.
ഏജൻസി തന്നിൽ നിന്നു കൈപ്പറ്റിയ തുക തിരികെ ലഭിക്കാതെ നാട്ടിലേക്കില്ലെന്ന പെൺകുട്ടിയുടെ ഉറച്ച നിലപാടും,അതുമായി ബന്ധപ്പെട്ട തർക്കവുമാണ് ഈ തട്ടിപ്പിന്റെ കഥ പുറംലോകമറിയാൻ കാരണമാകുന്നത്.തുക നൽകാതെ തിരിച്ചയക്കാനുളള ഏജന്റിന്റെ ശ്രമത്തെ എതിർത്ത പെൺകുട്ടി വിഷയം എയർപോർട്ട് സെക്യൂരിറ്റിയെ അറിയിക്കുകയും അതുവഴി പോലീസ് സഹായം തേടുകയുമായിരുന്നു. എന്നാൽ ഭാഷയുമായി ബന്ധപ്പെട്ട കാര്യത്തിൽപോലീസിനെ തെറ്റിദ്ധരിപ്പിച്ച് ഏജന്റ് രക്ഷപെടുകയും ചെയ്തു.
താൻ ഏജന്റിനാൽ വഞ്ചിക്കപെട്ടുവെന്നും, സഹായിക്കണമെന്നും രേഖാമൂലം അഭ്യർത്ഥിച്ചു കൊണ്ട് പെൺകുട്ടി സമീക്ഷ യു കെ യെ സമീപിക്കുകയുണ്ടായി. സമീക്ഷയുടെ ബന്ധപ്പെട്ട ഘടകങ്ങളും പ്രവർത്തകരും ഈ വിഷയം ഏറ്റെടുക്കുകയും, പെൺകുട്ടിയെ സഹായിക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. തൊഴിൽ വിസയിലും, സ്റ്റുഡന്റ് വിസയിലുമായി യു കെ യിലെത്തുന്നവരെ സഹായിക്കാൻ രൂപീകരിച്ച സമീക്ഷ ഹെൽപ് ഡെസ്ക് ഈ പ്രശനത്തിൽ സജീവമായി ഇടപെടുകയും തൊഴിലുടമയും , ഏജൻറുമായും ബന്ധപ്പെടുകയും ചെയ്തു. നിരന്തരമായ ചർച്ചകൾക്കൊടുവിൽ പെൺകുട്ടിക്ക് തൊഴിൽ നൽകാമെന്നും, കൈപ്പറ്റിയതുക തിരികെ നൽകാമെന്നും ഏജന്റ് വാക്കാൽ സമ്മതം നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിയമപരവും, മാനുഷികവുമായ എല്ലാ വശങ്ങളും ബന്ധപെട്ടവരുമായി ചർച്ച ചെയ്ത് പെൺകുട്ടിക്ക് നീതിയും, സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ശ്രമം സമീക്ഷ തുടരുകയാണ്.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതു മുതൽ തന്നെ ഭക്ഷണം , താമസ സൗകര്യം തുടങ്ങി എല്ലാ കാര്യങ്ങളും സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇന്നലെ തന്നെ ഒരുക്കിയിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കുന്നതുവരെയുള്ള താമസം ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ സമീക്ഷ ഇപ്സ്വിച്ച് ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സമീക്ഷയുടെ കവൻട്രി ബ്രാഞ്ചാണ് പെൺകുട്ടിക്ക് വെയിൽസ് മുതലുള്ള യാത്ര സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ മുൻകയ്യെടുത്തത്. താമസ സ്ഥലത്തിന്റെ വാടകയും ഇപ്സ്വിച്ച് ബ്രാഞ്ച്ഇതിനകം നൽകിക്കഴിഞ്ഞു.
ഏജന്റ്മാരാൽ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ യു കെ യിൽ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളും സർക്കാർ ഏജൻസികളും , തൊഴിലന്വേഷകരും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നതിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ മാസം നടന്ന സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനം ഒരു പ്രമേയത്തിലൂടെ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നോർക്ക, ലോക കേരള സഭ പോലുള്ള സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ട ആവശ്യകത പ്രസ്തുത പ്രമേയത്തിൽ പ്രത്യകം പരാമർശിച്ചിരുന്നു.
യു.കെ.ലെത്തുന്നവരെ കാത്തിരിക്കുന്ന ഇത്തരം പ്രതിബന്ധങ്ങളിൽ ഒരു കൈത്താങ്ങാകാനുദ്ദേശിച്ചുള്ളതാണ് സമീക്ഷ ഹെല്പ് ഡെസ്ക്. ഇത്തരം പ്രശനങ്ങൾ നിങ്ങൾക്ക് ഉണ്ടാവുകയോ, ശ്രദ്ധയിൽ പെടുകയോ ചെയ്താൽ സമീക്ഷ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്