യു.കെയിലെ കുടിയേറ്റ മലയാളികളുടെ പ്രശ്നങ്ങള്‍ ലോകകേരള സഭയില്‍ അവതരിപ്പിച്ച് സമീക്ഷ
യു.കെയിലെ കുടിയേറ്റ മലയാളികളുടെ പ്രശ്നങ്ങള്‍ ലോകകേരള സഭയില്‍ അവതരിപ്പിച്ച് സമീക്ഷ; റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോകകേരള സഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർത്ഥികളും തൊഴിലന്വേഷകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. യുകെയിലേക്ക് വരുന്നവരെ ബോധവത്കരിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും നോർക്ക മുൻകൈ എടുക്കണമെന്ന് പൊതുചർച്ചയില്‍ അഡ്വ. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പ്രതിവർഷം യുകെയിലേക്ക് മാത്രം 5,000 കോടി രൂപയുടെ റിക്രൂട്ട്മെന്‍റ്, വിവിധ ഏജൻസികള്‍ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന തുക വ്യാജ ഏജസികള്‍ തട്ടിയെടുക്കുകയാണെന്നും അഡ്വ. ദിലീപ് കുമാർ പറഞ്ഞു. റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി.
‘കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെഷനില്‍, മറുനാട്ടിലെ മലയാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. യുകെയിലെത്തി ചതിക്കപ്പെടുന്നതില്‍ ഏറെയും വിദ്യാർത്ഥികളും കെയർ വിസയില്‍ വരുന്നവരുമാണെന്ന് സമീക്ഷ പ്രതിനിധികള്‍ പറഞ്ഞു. 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നാടുവിടുന്നത്. ഏജന്‍റുമാർ ഇവരെ കൂടുതല്‍ കമ്മീഷൻ കിട്ടുന്ന, നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ ഫീസ് അടയ്ക്കാനും പാർട്ട്ടൈം ജോലി തരപ്പെടുത്താനുമാവാതെ വഴിമുട്ടി നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇവരില്‍ പലരുടെയും മാനസികനില തെറ്റിയതായും ചിലർ ആത്മഹത്യ ചെയ്തതായും സമീക്ഷ ഭാരവാഹികള്‍ അനുഭവങ്ങള്‍ നിരത്തി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ ആരാഞ്ഞു. സെക്കന്‍ററി, ഹയർസെക്കന്‍ററി തലത്തില്‍ ഒരു വിദേശ ഭാഷ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ അനിവാര്യത പ്രതിനിധികള്‍ ബോധ്യപ്പെടുത്തി. നഴ്സിംഗ് പഠനത്തോടൊപ്പവും വിദേശ ഭാഷ പഠനം സാധ്യമാക്കണമെന്നും അവർ നിർദേശിച്ചു. എസ്എസ്എല്‍സി കഴിയുന്നതോടെ അഭിരുചിക്ക് അനുസരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലേക്ക് കരിക്കുലം പുതുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. മലയാളം മിഷൻ സംഘടിപ്പിച്ച സെമിനാറിലും സമീക്ഷ ഭാരവാഹികള്‍ പങ്കെടുത്തു.
103 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് ലോകകേരള സഭയുടെ നാലാം എഡിഷനില്‍ പങ്കെടുത്തത്. കേരള വികസനത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങള്‍ ചർച്ചകളില്‍ പങ്കെടുത്തവർ മുന്നോട്ടുവച്ചു. ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോകകേരള സഭയില്‍ രണ്ടാം തവണയാണ് സമീക്ഷയുടെ പ്രതിനിധിയായി അഡ്വ. ദിലീപ് കുമാർ പങ്കെടുക്കുന്നത്. ദിനേഷ് വെള്ളാപ്പള്ളി ആദ്യമായാണ് സഭയുടെ ഭാഗമായത്.
നാഷണല്‍ സെക്രട്ടേറിയറ്റ്
സമീക്ഷ യുകെ