ഷെയർ ആന്‍റ് കെയർ കമ്മ്യൂണിറ്റി പ്രൊജക്ട്

ഷെയർ ആന്‍റ് കെയർ കമ്മ്യൂണിറ്റി പ്രൊജക്ട്

യുകെയുടെ സാമൂഹിക ജീവിതത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് സമീക്ഷ നടത്തിയ ഇടപെടലുകള്‍ പ്രസക്തമാണ്. സഹജീവികള്‍ക്ക് തണലേകുന്ന നിരവധി പ്രവർത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കി. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അതേമട്ടില്‍, അന്യനാട്ടില്‍ പങ്കുവയ്ക്കലിന്‍റെയും കരുതലിന്‍റെയും പുതിയ മാതൃക തീർക്കുകയാണ് സമീക്ഷ. പദ്ധതിയ്ക്ക് അതിനൊത്ത പേര് നല്‍കി, ‘ഷെയർ ആന്‍റ് കെയർ കമ്മ്യൂണിറ്റി പ്രൊജക്ട്’. അങ്ങനെ ചുറ്റുപാടില്‍ ഇല്ലാത്തത് എന്തെന്ന് തിരിച്ചറിഞ്ഞ് ആവുംവിധം സഹായിക്കാൻ അതത് മേഖലയിലെ അംഗങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി.

കേരളത്തില്‍ DYFI നടപ്പിലാക്കിയ ഹൃദയപൂർവ്വം പദ്ധതിയാണ് ഷെയർ ആന്‍റ് കെയറിന് മാതൃകയായത്. അതാകെ പകർത്തി എന്നു പറഞ്ഞാലും തെറ്റില്ല. ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടെന്ന് മാത്രം. വീടുകളില്‍ നിന്ന് ശേഖരിച്ച പൊതിച്ചോറുകള്‍ DYFI ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് വിതരണം ചെയ്യുന്നതെങ്കില്‍, സമീക്ഷ വീടുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ ഫുഡ് ബാങ്കുകളിലാണ് ഏല്‍പ്പിക്കുന്നത്. ഇതിനായി മാസത്തില്‍ ചുരുങ്ങിയത് രണ്ട് തവണ പ്രദേശത്തെ മലയാളി വീടുകള്‍ കയറിയിറങ്ങും. സമീക്ഷയുടെ യൂണിറ്റ് ഭാരവാഹികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 2022 മെയ് മാസത്തില്‍ സാലിസ്ബറിയിലാണ് പദ്ധതി ആരംഭിച്ചത്. തുടർന്ന് മറ്റ് യൂണിറ്റുകളും ‘ഷെയർ ആന്‍റ് കെയർ കമ്മ്യൂണിറ്റി പ്രൊജക്ട്’ ഏറ്റെടുത്തു. ആദ്യകാലത്ത് തെരഞ്ഞെടുത്ത ചില വീടുകളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. പയ്യെ മറ്റ് പലരും സ്വമനസ്സാലെ പദ്ധതിയുടെ ഭാഗമായി. ഇന്നിപ്പോള്‍, മലയാളികള്‍ക്ക് പുറമേ സ്വദേശികളും ഷെയർ ആന്‍റ് കെയറിലേക്ക് സംഭാവന ചെയ്യുന്നു. തുടക്കമിട്ട് വെറും 20 മാസത്തിനിപ്പുറമാണ് പദ്ധതി ഇത്രമേല്‍ ജനകീയമായത്. അതിന് പിന്നില്‍ സമീക്ഷ അംഗങ്ങളുടെ അധ്വാനമുണ്ടെന്ന് പറയാതെ വയ്യ. ബോസ്റ്റൺ, ബർമിങ്ഹാം, ബെഡ് ഫോർഡ്, ചെൽറ്റൻഹാം, ഗ്ലോസ്റ്റർഷെയർ, കെറ്ററിംഗ്‌, പീറ്റർബറോ, മാഞ്ചസ്റ്റർ, ഇപ്‌സ്വിച്ച് തുടങ്ങിയ യൂണിറ്റുകളുടെ പ്രവർത്തനം അനുകരണീയമാണ്.

വിലക്കയറ്റം കാരണം യുകെയിലെ ഫുഡ്ബാങ്കുകളിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ അളവില്‍ കാര്യമായി ഇടിവുണ്ടായ സമയത്താണ് ഷെയർ ആന്‍റ് കെയർ ആരംഭിക്കുന്നത്. ഈ സേവനം ഇനിയുള്ള കാലവും ഇപ്പോഴുള്ളതിനേക്കാള്‍ വിപുലമായി തുടരാനാണ് സമീക്ഷയുടെ തീരുമാനം. നിങ്ങളുടെ അകമഴിഞ്ഞ സഹായം തുടർന്നും പ്രതീക്ഷിക്കുന്നു. നന്മ വറ്റാത്ത മനുഷ്യരില്‍ വിശ്വാസമുണ്ട്. നാടേതായാലും വിശപ്പിന് ഒരു ഭാഷയാണെന്ന് ഞങ്ങളെ പഠിപ്പിച്ച തത്വശാസ്ത്രമാണ് ഞങ്ങളുടെ കരുത്ത്.

Add a Comment