കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യുറോപ്യൻപര്യടന സംഘം യു കെയിൽ
ഒരു നാടിന്റെ വികസന കുതിപ്പിന് ഊർജ്ജം പകരാൻ, ഒരു ജനതയുടെ ജീവിത നിലവാരം വികസിത രാജ്യങ്ങളുടേതിനൊപ്പമെത്തിക്കാൻ, ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തിന്റെ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങൾക്കു വേദിയാവുകയായിരുന്നു കഴിഞ്ഞവാരം യു.കെ. അടക്കമുള്ള ഏതാനും യൂറോപ്യൻ രാജ്യങ്ങൾ. കേരളത്തിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിക്ഷേപ-സംരഭകരെ കണ്ടെത്തുക, നാടിനു പ്രയോജനപ്പെടുത്താവുന്ന ആശയങ്ങൾ സ്വീകരിക്കുക, ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ പരിചയപ്പെടുക എന്നീ ഉദ്ദേശങ്ങളോടെ എത്തിയ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യുറോപ്യൻപര്യടന സംഘത്തിന് ആതിഥ്യമരുളാൻ യുകെ മലയാളികൾക്കും അവസരമുണ്ടായി.
ലോക കേരളസഭയുടെ യൂറോപ്പ് റീജ്യണൽ സമ്മേളനത്തിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയും സംഘവും യുകെയിലെത്തിയത്. നോർക്കയുടെയും, കേരള സർക്കാരിന്റെയും നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട പര്യടന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി യുകെയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ടുരൂപീകരിച്ച സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് സന്ദർശന പരിപാടിയുടെ ഭാഗമായി നടത്തിയത്.
യു.കെ. യിലെ ഏറ്റവും വലിയ ഇടതുപക്ഷ-പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘാടക സമിതിയുടെ പ്രധാന ഭാഗമായി പ്രർത്തിച്ചു. സമീക്ഷയുടെ ദേശീയ സെക്രട്ടറി സ: ദിനേശ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് Program coordination കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയത്.
സന്ദർശന പരിപാടിയുടെ പ്രാരംഭം മുതൽ മുഖ്യമന്ത്രിയും സംഘവും നാട്ടിലേക്ക്തിരിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സമീക്ഷയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളും പ്രതിനിധികളും അവരവരുടെ ചുമതലകൾ നിർവഹിച്ചുകൊണ്ട് സജീവമായി രംഗത്തുണ്ടായിരുന്നു. ഒൻപതാം തീയ്യതി നടന്ന പ്രതിനിധി സമ്മേളനത്തിലും, പൊതുസമ്മേളനത്തിലും സമീക്ഷയുടെ പ്രവർത്തകരും, ഭാരവാഹികളും തങ്ങളിൽ ഔദ്യോഗികമായി ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ച്കൊണ്ട് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിൽ സമീക്ഷ യുകെയെ പ്രതിനിധീകരിച്ചുകൊണ്ടു സഖാക്കളായ ഫിദിൽ മുത്തുക്കോയ, സുഗതൻ തെക്കേപുര, ഇബ്രാഹിം വാക്കുളങ്ങര, ശ്രീജിത്ത് ജി, ദിനേശ് വെള്ളാപ്പള്ളി, ജിജു സൈമൺ , സീമ സൈമൺ എന്നിവർ പങ്കെടുത്തു. സഖാവ് ജിജു സൈമൺ കായിക വിഷയത്തെ അടിസ്ഥാനമാക്കി സമ്മേളനത്തിൽ സംസാരിച്ചു.
ചുവപ്പ്പരവതാനി വിരിച്ച്, സ്വാഗത കമാനമൊരുക്കി, മുത്തുക്കുടകളുയർത്തി ആവേശോജ്ജ്വലമായ മുദ്രാവാക്യം വിളികളാൽ അഭിവാദ്യം ചെയ്തുകൊണ്ടാണ് പൊതുസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിയെ സമീക്ഷയുടെ പ്രവർത്തകർ എതിരേറ്റത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സഖാക്കളാണ് സമീക്ഷയെ പ്രതിനിധീകരിച്ച് സ്വീകരണച്ചടങ്ങിലെത്തിയത്. മുഴുവൻ സഖാക്കെളയും സമീക്ഷ യുകെ അഭിവാദ്യം ചെയ്യുന്നു. സ്വീകരണച്ചടങ്ങിന് നേതൃത്വം നൽകിയ ഹീത്രു ബ്രാഞ്ചിന്റെ പ്രവർത്തനം തികച്ചും പ്രശംസനീയമാണ്.
സന്ദർശന പരിപാടിയുടെ അവസാന ദിവസം മുഖ്യമന്ത്രിയും സഹമന്ത്രിമാരുമായും ഒരു കൂടിക്കാഴ്ചക്ക് സമീക്ഷ പ്രവർത്തകർക്ക് അവസരം ലഭിച്ചുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രത്യേകിച്ചും സ്ത്രീ സമീക്ഷയുടെ സഖാക്കൾ കൂടി ഉൾപ്പെട്ടതായിരുന്നു ആ കൂടിക്കാഴ്ച. മഹാമാരിയുടെ സമയത്ത് സർക്കാരിന് കൈത്താങ്ങായി നിന്നതും, സർക്കാരിന്റെ രണ്ടാമൂഴത്തിനായി ശക്തമായ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നിട്ടറക്കിയതും കൂടിക്കാഴ്ചയിൽ അനുസ്മരിക്കപ്പെട്ടു. സ്ത്രീ സമീക്ഷ പ്രവർത്തകർക്ക് മുഖ്യപങ്കാളിത്തമുള്ളതും, സുഗതൻ സഖാവിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കപ്പെട്ടതുമായ ‘കേരളം യൂറോപ്പിനൊപ്പം’ എന്ന ഡോക്യൂമെന്ററി ഈ കൂടിക്കാഴ്ചയിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. സമീക്ഷയുടെയും സ്ത്രീ സമീക്ഷയുടെയും മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ആശംസകളും നേർന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാർക്കും സമീക്ഷയുടെ പ്രവർത്തനങ്ങളെ ഒന്നുകൂടി അടുത്തറിയാൻ ഈ കൂടിക്കാഴ്ചയിലൂടെ സാധിച്ചു.
സഖാവ് സുഗതനും സഖാവ് ഇബ്രാഹിം വാക്കുളങ്ങരക്കും സഖാവ് പ്രവീണിനും ഒപ്പം സ്ത്രീ സമീക്ഷ പ്രവർത്തകരായ സഖാവ് ഷെറിനും സഖാവ് സ്വപ്നയ്ക്കും, സഖാവ് പിണറായി വിജയനും (അദ്ദേഹത്തിനു വേണ്ടി, അദ്ദേഹത്തിന്റെ സഹധർമ്മിണി കമലവിജയൻ) സഖാവ് ശിവൻകുട്ടിക്കും സമീക്ഷയുടെ പേരുള്ള ഓരോ ഫലകങ്ങൾ നൽകാനും കഴിഞ്ഞു. സ. പിണറായി വിജയനെയും, സ. വീണജോർജ്ജിനെയും എയർപോർട്ടിലേക്ക് യാത്രയാക്കിയതിനു ശേഷമാണ് സഖാക്കൾ മടങ്ങിയത്.
വികസനത്തേയും, ജനങ്ങളുടെ നന്മയെയും മാത്രം ലക്ഷ്യംവച്ച് മുന്നോട്ട്പോകുന്ന ഒരു ജനകീയ സർക്കാരിന്റെ അമരക്കാരനായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യു കെ പര്യടനം ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ സമീക്ഷ യുകെ ഉത്തരവാദിത്വബോധത്തോടെ തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്നതിൽ നമുക്കഭിമാനിക്കാം. അതിന് മുന്നിട്ടറങ്ങിയ സമീക്ഷയുടെ ഓരോ പ്രവർത്തകരെയും അഭിനന്ദിക്കുന്നു, അഭിവാദ്യം ചെയ്യുന്നു.